Kerala
അരൂർ: ബാറിൽ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നാലംഗ സംഘം മർദിച്ചു കൊലപ്പെടുത്തി. കുമ്പളങ്ങി വലിയപറമ്പ് കുഞ്ഞുമോന്റെ മകൻ നിധിൻ (30) ആണ് എഴുപുന്ന പാലസ് ബാറിനു മുന്നിൽ മർദനമേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾതന്നെയാണു നിധിനെ മർദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കോടംതുരുത്ത് സ്വദേശികളായ മൂലേക്കാട്ട് പടിഞ്ഞാറ നികർത്ത് ജിബിൻ (25), എഴുപുന്ന തെക്ക് വട്ടേക്കാട് ജിത്തുമോൻ(27), കുന്നേൽ വീട്ടിൽ ഷിനു (29) എഴുപുന്ന തെക്ക് അറയ്ക്കൽ അനിൽ (21) എന്നിവരെ ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽനിന്നായി അരൂർ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 11.50നായിരുന്നു സംഭവം. നിധിൻ നാലു സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടു ബൈക്കുകളിലായി ബാറിലെത്തിയത്. മദ്യം കഴിക്കുന്നതിനിടെ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
ബാറിൽനിന്നിറങ്ങി വീട്ടിലേക്കു മടങ്ങാൻ ബൈക്കിലിരിക്കുമ്പോൾ പ്രതികളെത്തി തലയ്ക്കടിക്കുകയും നെഞ്ചിനും വയറിനും ചവിട്ടുകയുമായിരുന്നു. നിധിൻ അബോധവാസ്ഥയിലായതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
നിധിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് കുമ്പളം ശാന്തിതീരം ശ്മശാനത്തിൽ. അമ്മ: പ്രമീള. സഹോദരൻ: യദു കൃഷ്ണ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എല്ലാ മുന്നണികളുടെയും വെട്ടിനിരത്തലിനു വിധേയരാകുന്നത് വനിതകളാണെങ്കിലും ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പതിവിനു വിപരീതമായി മുസ്ലിം ലീഗ്, വനിതകൾക്ക് രണ്ടു സീറ്റ് നല്കി. അതിനാൽത്തന്നെ സംവരണത്തിന്റെ പിൻബലമില്ലാതെ വനിതകൾ പ്രധാന മുന്നണികളുടെ മുന്നണിപ്പോരാളികളാകുന്ന ചിത്രം കൗതുകമുളവാക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന മുന്നണികളുടെ സ്ഥാനാർഥികളായി ഇതുവരെ പ്ര ഖ്യാപിച്ച സ്ഥാനാർഥി ലിസ്റ്റ് പ്രകാരം വനിതകൾ തമ്മിൽ മാറ്റുരയ്ക്കുന്നത് മൂന്ന് മണ്ഡലങ്ങളിൽ. അരൂരിൽ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനും സിപിഎമ്മിന്റെ ദെലീമ ജോജോയും ഏറ്റുമുട്ടുമ്പോൾ തൃക്കാക്കരയിൽ ഉമാ തോമസും (കോൺഗ്ര സ് ) , പുഷ്പാദാസും(സിപിഎം) തമ്മിലാണ് മത്സരം.
കോങ്ങാടാണ് വനിതകൾ അങ്കം കുറിക്കുന്ന മറ്റൊരു മണ്ഡലം. അവിടെ സിറ്റിംഗ് എംഎൽഎ സിപിഎമ്മിന്റെ കെ. ശാന്തകുമാരിയും കോൺഗ്രസിന്റെ കെ. എ. തുളസിയും ഗോദയിലുണ്ട്.
അരൂർ
ഷാനിമോൾ x ദെലീമ
അരൂരിൽ വീണ്ടും വനിതാ പോരാട്ടത്തിതിനു കളമൊരുങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിലും ഷാനിമോളും ദെലീമയും തമ്മിലായിരുന്നു മത്സരം. ഇടതു തരംഗത്തിൽ 6154 വോട്ടിനു ഷാനിമോൾ പരാജയപ്പെട്ടു. എന്നാൽ അതിനു മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ വിജയിക്കാൻ ഷാനിമോൾക്ക് കഴിഞ്ഞിരുന്നു. ഇടതു പക്ഷത്തിനു മേൽക്കോയ്മയുള്ള മണ്ഡലം കോൺഗ്രസിനു വേണ്ടി പിടിച്ചെടുത്ത ക്രെഡിറ്റും അവർക്കുണ്ട്.
മണ്ഡലത്തിലെ സിറ്റിംഗ് എംൽഎ ആയ ദെലീമ വികസന പ്രവർത്തനങ്ങളുടെ പേരിലാണ് വോട്ടു ചോദിക്കുന്നത്. എന്നാൽ, കഴിഞ്ഞ തവണ ഇടതു തരംഗത്തിൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എന്തായാലും കനത്ത മത്സരം തന്നെയാകും അരൂരിൽ ഇത്തവണ നടക്കുക.
Kerala
കൊച്ചി: എരമല്ലൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്.
അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം നടന്നത്. ലോറിയിൽ ഇടിച്ച് ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
Kerala
ആലപ്പുഴ: ബോഗിക്ക് സമീപത്തു നിന്ന് പുക ഉയർന്നതിനെ തുടർന്ന് ധൻബാദ് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു. ആലപ്പുഴക്ക് പോവുകയായിരുന്ന ട്രെയിൻ ശ്രീനാരായണപുരം ഭാഗത്ത് മുക്കാൽ മണിക്കൂറോളം പിടിച്ചിടുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ശ്രീനാരായണപുരം റെയിൽഗേറ്റ് ട്രെയിൻ കടന്നപ്പോൾ അവിടുത്തെ ഗേറ്റ്മാനാണ് പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇദ്ദേഹം അറിയച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തുകയായിരുന്നു.
ആക്സിൽ അമിതമായി ചൂടായതാണ് പുക ഉയരുന്നതിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. പിന്നീട് വിശദ പരിശോധന നടത്തിയശേഷം ട്രെയിൻ യാത്ര തുടർന്നു.
Kerala
ആലപ്പുഴ: അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാതാ അതോറിറ്റി. ഇതിനായി റൈറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി.
നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും.
അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരിൽ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. തമിഴ്നാട്ടില് നിന്നും മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
വാഹനത്തിന് മുകളിലേക്ക് രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Kerala
ആലപ്പുഴ: അരൂരിൽ അരക്കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് ഫറൂക്ക് സ്വദേശി പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോനാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലീസും ചേർന്ന് അരൂരിലെ ഇയാളുടെ വാടക വീട്ടിൽനിന്നാണ് പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസമായി ഇയാൾ അരൂരിൽ ഭാര്യയ്ക്കൊപ്പം വാടക വീട്ടിൽ താമസിച്ച് ലഹരിവിൽപ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തി പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായ ശ്രീമോൻ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഇയാൾ മുമ്പ് ലഹരിക്കേസുകളിലും പോക്സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Kerala
ആലപ്പുഴ: പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ചു. അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് ഇവ വീണത്.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ ചന്തിരൂരിലാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. ഗർഡറിന് അടിയിലാണ് പിക്കപ് വാൻ കിടക്കുന്നത്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു അപകടത്തിൽപ്പെട്ടത്.
രണ്ട് ഗർഡറുകൾ വീണതിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡർ മാറ്റിയാൽ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാന് കഴിയൂ.
District News
ഫോർട്ടുകൊച്ചി: ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി ജനതാ -അരൂർ അമ്മനേഴം ഫെറി ബോട്ട് സർവീസ് ഇന്നു പുനരാരംഭിക്കും. ഫെറിയും റോഡും ശോചനീയാവസ്ഥയിലായതോടെ വർഷങ്ങളായി സർവീസ് നിർത്തിവച്ചിരുന്ന ജനതാ ഫെറി കുന്പളങ്ങി - അരൂർ കെൽട്രോൺ പാലം നിർമാണ ജോലി ആരംഭിച്ചതോടെയാണ് അറ്റകുറ്റപ്പണി നടത്തി ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്.
ഇന്നു രാവിലെ ആറിന് ഇരുപഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ ആദ്യ സർവീസ് ആരംഭിക്കും. 6.30 മുതൽ രാത്രി എട്ടു വരെയാണ് സർവീസ് സമയം. കെൽട്രോൺ ഫെറിയിൽ നിന്നു ബോട്ടും ചങ്ങാടവും നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി. കുമ്പളങ്ങി ജനത ഫെറിയും ഫെറിയിലേക്കുള്ള റോഡും പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫും വാർഡ് മെമ്പർമാരായ ലീജാ തോമസ്, ബെയ്സിൽ എന്നിവരും സന്ദർശിച്ചു.
ബോട്ട് അടുപ്പിക്കുന്നതിനു ഇരുഫെറികളുടെയും തീരം ആഴംകൂട്ടുന്ന ജോലികളും പൂർത്തിയായി. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു രണ്ടാഴ്ച മുന്പ് കെൽട്രോൺ ഫെറിയിൽ സർവീസ് നടത്തിയിരുന്ന ബോട്ടിന്റെ ചങ്ങാടം ഒഴിവാക്കിയിരുന്നു.
ഇതുമൂലം, വാഹനയാത്രികർക്ക്എഴുപുന്നയിലൂടെയും ഇടക്കൊച്ചിയിലൂടെയും സഞ്ചരിച്ചു ഹൈവേയിൽ എത്തേണ്ട അവസ്ഥയായിരുന്നു. ജനതാ ഫെറി ചങ്ങാടം സർവിസ് തുടങ്ങുന്നതോടെ ഈപ്രശ്നത്തിന് പരിഹാരമാകും. എന്നാൽ അരൂർ കരയിൽ ജെട്ടിയുടെ പ്ലാറ്റ്ഫോം ഉയർത്താനുള്ള പ്രവൃത്തികൾ ഇതുവരെയും നടത്തിയിട്ടില്ല. നിലവിൽ റെയിലുകൾ നീട്ടി സർവീസ് തുടങ്ങാനാണ് കരാറുകാരുടെ ശ്രമം.